![]() |
ജ്യോതിറാവു ഫൂലെ |
സമൂഹത്തിലെ അനീതികളും അനാചാരങ്ങളും
സവര്‍ണ്ണരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി നിലനിര്‍ത്തുന്നതിലായിരുന്നു അവരുടെ ശ്രമം. എഴുപത്തഞ്ച് വയസ്സുള്ള ബ്രാഹ്മണന് പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാം. ഭര്‍ത്താവുമരിച്ചാല്‍ പെണ്‍കുട്ടി അദ്ദേഹത്തിന്റെ ചിതയില്‍തന്നെ ചാടിമരിക്കണം. അല്ലെങ്കില്‍ സമുദായ പ്രവര്‍ത്തകര്‍ അവളെ പിടിച്ചുകെട്ടി ജീവനോടെ ചിതയില്ക്കിടത്തും. അവള്‍ക്ക് ദേവതാസ്ഥാനം നല്കി സതീദേവിയായി സങ്കല്പിച്ച് ആരാധിക്കുകയും ചെയ്യും. സതി അനുഷ്ഠിക്കാന്‍ തയ്യാറല്ലാത്തവര്‍ ജീവിതകാലം മുഴുവനും വിധവയായിത്തന്നെ കഴിയണം. വിധവയായാല്‍ തലമുണ്ഡനം ചെയ്ത് സര്‍വ്വവിധ സുഖഭോഗങ്ങളും വെടിഞ്ഞ് ഏകയായി കഴിയുകയും വേണം. ദാമ്പത്യത്തില്‍ പെണ്കുഞ്ഞുണ്ടായാല് ഗംഗാനദിയിലെറിഞ്ഞ് കര്‍മ്മഫലം അനുഭവിക്കണം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധം. സഞ്ചാരസ്വാതന്ത്ര്യവും പരപുരുഷന്മാരായി സംസാരിക്കുവാനുള്ള അനുവാദവുമില്ലായിരുന്നു. സാമുദായിക നിയമങ്ങളെ അനുസരിക്കാനല്ലാതെ എതിര്‍ക്കാനുള്ള ശാക്തീകരണവും ധൈര്യവും സ്ത്രീകള്‍ക്കും ഉണ്ടായിരുന്നില്ല.
മഹാരാഷ്ട്രയിലെ പൂനെ ഗ്രാമത്തിലെ ചിത്പവ്വാര് ബ്രാഹ്മണരാണ് ഭാരതത്തിലെ ഏറ്റവും ആഢ്യത്വമുള്ളവരെന്നു അവര്‍ അവകാശപ്പെടുന്നത്. ബ്രാഹ്മണരില്‍തന്നെ ഉപജാതികളുണ്ട്. മറ്റുസംസ്ഥാനങ്ങളിലുള്ള ബ്രാഹ്മണര്‍ക്കിടയിലും ഇത്തരം വേര്‍തിരിവുകള്‍ കാണാവുന്നതാണ്. അവര്‍ക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.പലര്‍ക്കും അതിനോടൊക്കെ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും സവര്‍ണ്ണമേധാവികളുടെ വിദ്വേഷത്തിനു പാത്രമാകാതിരിക്കാനാണ് പലരും ശ്രദ്ധിച്ചത്.അതിനാല്‍ അതെല്ലാം തുടര്‍ന്നുപോരുകയായിരുന്നു.
ജാതികോമരങ്ങള്ക്കെതിരെ ഒരു കൊലയാളി
ഏകദേശം ആയിരത്തി എണ്ണൂറാം ആണ്ടിനു മുമ്പ് ബ്രാഹ്മണസമുദായത്തിലെ ഉപജാതിയായ മാലീസ് വിഭാഗത്തില്‍പ്പെട്ട കുടുംബത്തില്‍ ഒരു സര്ക്കാര്ജീവനക്കാരനുണ്ടായിരുന്നു. സത്താറ ഗ്രാമത്തില്‍ താമസിച്ചിരുന്ന അദ്ദേഹം വില്ലേജ് അസിസ്ററന്റായി ഏകദേശം ഇരുപത് കിലോമീറ്റര്‍ അകലെയുള്ള കാട്ടുഗണ് എന്ന സ്ഥലത്താണ് ജോലിചെയ്തിരുന്നത്.അവിടെയുണ്ടായിരുന്ന കുല്‍ക്കര്‍ണിയെന്ന ഒരു ബ്രാഹ്മണന് താണജാതിക്കാരനായ വില്ലേജ് അസിസ്റ്റന്റിനെ അപമാനിക്കുകയും ജോലിചെയ്യുവാന്‍ തടസ്സം നില്‍ക്കുകയും ചെയ്തു. ആദ്യം വില്ലേജ് അസിസ്റ്റന്റ് ക്ഷമിച്ചുവെങ്കിലും തുടത്തുടരെ കുല്‍ക്കര്‍ണിയുടെ ഉപദ്രവം വര്‍ധിച്ചപ്പോള്‍ ജോലിചെയ്ത് കുടുംബം പുലര്‍ത്തുവാന്‍ സാധിക്കാതെ വന്നു. അയാള്‍ പലരോടും പറഞ്ഞുനോക്കി. എന്നാല്‍ കുല്‍ക്കര്‍ണി മറ്റുള്ളവരെ സംഘടിപ്പിച്ച് അയാളെ ആ വില്ലേജില്‍നിന്നും ആട്ടി ഓടിച്ചു. പക്ഷെ ആരോരുമറിയാതെ ഒരു രാത്രിയില്‍ കുല്ക്കണിയെ വധിക്കുകയും പൂനായിലെ ഖാന്‍വാഡി വില്ലേജില്‍ കുടുംബസമേതം വന്നുതാമസിക്കുകയും ചെയ്തു. ആ വില്ലേജ് അസിസ്റ്റന്റിന്റെ ഏറ്റവും ഒടുവിലത്തെ തലമുറയില്‍ 1827 ഏപ്രില്‍ 11-ന് പിതാവ് ഗോവിന്ദറാവുവിനും മാതാവ് ചിന്മനാഭായിക്കും ജനിച്ച രണ്ടാമത്തെ സന്താനമായിരുന്ന ജ്യോതിറാവുവിന്റെ അന്നത്തെ കുടുംബപ്പേര് ഗോറെ എന്നായിരുന്നു. പിതാമഹന് ഷേതി ബഗോറെ പൂനായില്‍ വന്നെങ്കിലും അവിടെയും സവര്ണ്ണസമുദായങ്ങളുടെ ജാതിസ്പര്ദ്ധകള് നേരിടേണ്ടതായിവന്നിരുന്നു.
![]() |
കാവില്‍രാജ് |
ബ്രാഹ്മണവിഭാഗത്തിലെ ഉപജാതിയായ മാലിസ് എന്ന പിന്നാക്ക ജാതിയില്‍പ്പെട്ട കല്പി വിഭാഗക്കാരെ മറ്റുള്ളവര്‍ ശൂദ്രവിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.കല്പി വിഭാഗക്കാര്‍ ക്ഷത്രിയാരാണെന്ന് സ്വയം അവകാശപ്പെട്ടിരുന്നെങ്കിലും ആരുംതന്നെ അത് അംഗീകരിച്ചിരുന്നില്ല. ജ്യോതിയുടെ പിതാവ് അവനെ കൃഷിപ്പണിയിലേക്കു തിരിച്ചു വിടുകയാണ് ചെയ്തത്.പേഷ്വാമാരുടെ വീടുകളില്‍ എക്കാലവും പൂക്കളെത്തിച്ചുകൊടുക്കേണ്ട ചുമതലയും ആ കുടുംബത്തിനുതന്നെയായിരുന്നു. അതിനായി അവര്‍ക്ക് മുപ്പത്തിയഞ്ച് ഏക്കര്‍ ഭൂമിയും പതിച്ചു നല്‍കിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പതിമൂന്നാം വയസ്സില്‍ ആചാരപ്രകാരം ജ്യോതിയുടെ വിവാഹവും നടന്നു.
വിദ്യയിലൂടെ വിവേകത്തിലേയ്ക്ക്
മറ്റുമതക്കാരുമായി ബന്ധപ്പെട്ടിരുന്ന ജ്യോതിയ്ക്ക് പല കാര്യങ്ങളും അടുത്തറിയാന്‍ കഴിഞ്ഞു.എന്നാല്‍ അവര്‍ക്കെല്ലാം ജ്യോതിയെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. ഒരുക്രൈസ്തവന് ജ്യോതിയുടെ പിതാവിനോട് അവന്റെ ഗുണഗണങ്ങളെക്കുറിച്ച് വര്‍ണ്ണിച്ചു. അദ്ദേഹം ആദ്യം അതത്ര കാര്യമാക്കിയില്ല. എന്നാല്‍ വീണ്ടും ഒരു മുസ്ളീം ജ്യോതിയുടെ ബുദ്ധിശക്തിയേയും അസാധാരണ മായ ഉത്സാഹത്തെയും കുറിച്ച് പറഞ്ഞുകേട്ടപ്പോള്‍ ജ്യോതിയെ പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങിനെ പൂനെയിലെ ഒരു സ്കോട്ടിഷ്ക്രൈസ്തവ മിഷ്യന് ഹൈസ്ക്കൂളില്‍ ജ്യോതി തുടര്പഠനത്തിനായിച്ചേര്ന്നു. സര്‍ക്കാര്‍ വക സ്കൂളുകള്‍ സവര്‍ണ്ണരിലെ വരേണ്യവര്ഗ്ഗത്തിനുള്ളതായിരുന്നു.
1847-ല്‍ ജ്യോതിറാവു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും ഒരു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നാഗ്രഹിച്ചിരുന്നില്ല. പിതാവിന്റെ കൂടെ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കവേ ജീവിതത്തില്‍ സമൂഹത്തിനുവേണ്ടി എന്തങ്കിലും ചെയ്യുവാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചിന്തിച്ചിരുന്നു. അങ്ങിനെയിരിക്കെ 1848-ല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവമുണ്ടായി. ആ സംഭവത്തെത്തുടര്‍ന്നാണ് അദ്ദേഹം തന്റെ ജീവിതലക്ഷ്യം കണ്ടെത്തിയത്. സുഹൃത്തും സഹപാഠിയുമായിരുന്ന ഒരു ബ്രാഹ്മണയുവാവിന്റെ വിവാഹഘോഷയാത്രയില്‍ പങ്കെടുക്കവെ പലരുടെയും അവഹേളനങ്ങളും അര്‍ത്ഥംവെച്ചുള്ള സംസാരങ്ങളും അദ്ദേഹത്തിനു കേള്‍ക്കേണ്ടിവന്നു. മാലീസ് ജാതിയില്‍പ്പെട്ട ജ്യോതിറാവു താഴ്ന്ന ജാതിക്കാരനെന്നതിനാലാണ് അവര്‍ അങ്ങിനെ പെരുമാറിയത് ഘോഷയാത്രയിലുള്ളവര്‍ വഴിമാറിനടക്കുകയും കാര്‍ക്കിച്ചു തുപ്പുകയും ചെയ്തപ്പോള്‍ ജ്യോതിയുടെ മനസ്സു നീറി. ഒറ്റപ്പെട്ടുകണ്ട ജ്യോതിയെ വരനായ സഹപാഠി സമാധാനിപ്പിക്കുകയും വീണ്ടും ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുവെങ്കിലും അദ്ദേഹം നിരസിക്കുകയാണുണ്ടായത്. വീട്ടില്‍ തിരിച്ചെത്തിയ ജ്യോതി മൂകനായിരിക്കുന്നതുകണ്ട് പിതാവ് കാര്യമന്വേഷിച്ചു. ജ്യോതി നടന്നസംഭവങ്ങളെല്ലാം പിതാവിനോടു പറഞ്ഞു. സംഭവത്തിന്റെ കാര്യകാരണങ്ങള്‍ പിതാവ് വിശദീകരിച്ചുകൊടുക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.
അക്ഷരജ്ഞാനമില്ലായ്മയും അറിവില്ലായ്മയുമാണ് സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കാനാകാത്ത പ്രതിസന്ധിയെന്ന് ജ്യോതിറാവു തിരിച്ചറിഞ്ഞു. അതിനാല്‍ സ്വന്തം ഭാര്യക്കുതന്നെ വിദ്യ അഭ്യസിപ്പിച്ചുകൊണ്ട് ജ്യോതിറാവു അക്ഷരനിഷേധത്തിനെതിരെ സമരം കുറിച്ചു. സ്വന്തം സ്ത്രീകള്‍ക്കുപോലും വിദ്യ നിഷേധിച്ച ബ്രാഹ്മണസമൂഹത്തിന് ആ വാര്‍ത്ത അപ്രതീക്ഷിതമായിക്കിട്ടിയ പ്രഹരമായിരുന്നു. അടുക്കളയില്‍ കഴിഞ്ഞുകൂടുന്ന സ്ത്രീകള്‍ക്കെന്തിനാണ് വിദ്യാഭ്യാസം എന്നാണ് അവരുടെ ചോദ്യം. പാടത്തുപണിയെടുക്കുന്നോര്ക്കും പറമ്പില്‍ കൃഷിചെയ്യുന്നോര്ക്കും വിദ്യയുടെ ആവശ്യമില്ലെന്നാണ് അവരുടെ വാദം.അതിനെതിരെയാണ് ജ്യോതിറാവു സമരം നയിച്ചത്. അന്ന് ഭാരതത്തില്‍ സാമൂഹ്യ നവോത്ഥാനത്തിനായി ബ്രഹ്മസമാജ്, പ്രാര്‍ത്ഥനാസമാജ്, ആര്യസമാജ്, ശ്രീരാമകൃഷ്ണമിഷന്, തിയോസഫിക്കല്‍ സൊസൈറ്റി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നിങ്ങനെയുള്ള സംഘടനകള്‍ രംഗത്തുവന്നുകഴിഞ്ഞിരുന്നു.എന്നാല്‍ അവയെല്ലാം സവര്‍ണ്ണര്‍ക്കെതിരെ ശബ്ദമുയര്ത്തുവാനോ ബ്രാഹ്മണരല്ലാത്തവര്ക്കു വിദ്യാഭ്യാസം നല്കുവാനോ അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പ്രതികരിക്കുവാനോ തയ്യാറായിരുന്നില്ല. അതിനാല്‍ അത്തരം സംഘടനകളോടൊക്കെ ജ്യോതിറാവുവിന് എതിര്‍പ്പായിരുന്നു. വിദ്യാഭ്യാസംകൊണ്ടേ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു വെന്ന് അദ്ദേഹം വിശ്വസിച്ചു.
അക്കാലത്ത് അഹമ്മദ്നഗറില്‍ ഫെറര്‍ എന്നുപേരുള്ള ഒരു വനിത സ്ത്രീകള്കള്ക്കുമാത്രമായി ഒരു വിദ്യാലയം നടത്തിയിരുന്നു. അവിടം ജ്യോതിറാവു തന്റെ സുഹൃത്ത് സദാശിവറാവുമൊത്ത് സന്ദര്‍ശിച്ചു. ഫെറര്‍ അദ്ദേഹത്തോടു പറഞ്ഞു.-നിങ്ങള്‍ ആദ്യം തന്നെ നിങ്ങളുടെ സ്ത്രീകളെ അക്ഷരം പഠിപ്പിക്കുക.അതിനുശേഷം അവരെക്കൊണ്ട് മറ്റുള്ള സ്ത്രീകളെയും പഠിപ്പിക്കുക.- ആ അധ്യാപികയുടെ ആഹ്വാനം അക്ഷരംപ്രതി പാലിക്കുകയാണ് ജ്യോതിറാവു ചെയ്തത്.
1848-ല്‍ ജ്യോതിറാവു സ്ത്രീകള്‍ക്കായി ആദ്യത്തെ വിദ്യാലയം സ്ഥാപിച്ചു. അവര്‍ണ്ണര്‍ക്കും സവര്‍ണ്ണര്‍ക്കും ഒരുപോലെ പ്രവേശനം ആ സ്കൂളില്‍ നല്‍കിയിരുന്നു. ആദ്യം എട്ടു പെണ്‍കുട്ടികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും അതൊരു സാമൂഹ്യമാറ്റം തന്നെയായിരുന്നു. എന്നാല്‍ യാഥാസ്ഥിതികര്‍ അടങ്ങിയിരുന്നില്ല. പഠിക്കാന്‍ വരുന്നവരെ തടസ്സപ്പെടുത്തുകയും ക്ളാസെടുക്കുന്നവരെ പിന്തിരിപ്പിക്കുകയുംചെയ്തു. ബ്രാഹ്മണാചാരപ്രകരം ജ്യോതിറാവു ചെയ്യുന്നത് സമൂഹത്തിനും ജാതിക്കും രാഷ്ട്രത്തിനും എതിരാണെന്നും അവര്‍ പ്രചരിപ്പിച്ചു. സമൂഹത്തില്‍നിന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തുവാനും പരിശ്രമിച്ചു. എന്നാല്‍ പ്രസ്താവനയും പ്രസംഗവുമില്ലാതെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ അക്ഷരം പകര്‍ന്നുകൊടുക്കുവാന്‍ അദ്ദേഹം അനവരതം പ്രയത്നിക്കുകയാണ് ചെയ്തത്.
അധ്യാപകരെ കിട്ടാതെവന്നപ്പോള്‍ അധഃസ്ഥിതരെ പഠിപ്പിക്കാന്‍ തന്റെ ഭാര്യയെത്തന്നെ നിയോഗിച്ചു. ധൈര്യശാലിയായ അദ്ദേഹത്തിന്റെ ഭാര്യ സാവിത്രിഭായ് ഭര്‍ത്താവിന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സഹകരണം എപ്പോഴും നല്‍കിയിരുന്നു. സ്കൂളിലേക്കുപോകുമ്പോള്‍ വഴിയില്‍വെച്ച് അവരെ ഉപദ്രവിക്കുകയും അസഭ്യങ്ങള്‍ വിളിച്ചുപറയുകയും ചെയ്യുകയാണ് അന്നത്തെ ബ്രാഹ്മണര്‍ ചെയ്തത്. കല്ലേറില്‍ രക്തം വാര്ന്നൊലിച്ചമുഖവുമായി അയിത്തജാതിക്കാരെ പഠിപ്പിക്കാനെത്തിയ അവര്‍ കൂടുതല്‍ ആദരിക്കപ്പെടുകയാണുണ്ടായത്.
യാഥാസ്ഥിതികര്‍ നിശബ്ദരായില്ല. അവര്‍ കൂടുതല്‍ ശക്തിയോടെ ജ്യോതിറാവുവിനെതിരെ പടപൊരുതാന്‍ തന്നെ നിശ്ചയിച്ചു. അദ്ദേഹത്തേയും ഭാര്യയേയും കുടുബത്തില്‍നിന്നും ഇറക്കിവിടുവാന്‍ അവര്‍ ആവശ്യപ്പെട്ടു. അയിത്തജാതിക്കാരുമായി ഇടപഴകുന്ന ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബവുമായി ബന്ധപ്പെട്ടു ജീവിക്കാന്‍ സമൂഹത്തിലെ മറ്റുകുടുംബങ്ങള് ഇഷ്ടപ്പെടുന്നില്ലായെന്നതാണ് കാരണം. ഇറക്കിവിടുന്നില്ലെങ്കില് കടുംബത്തെ സമുദായഭ്രഷ്ട് കല്പിച്ച് പുറത്താക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. തന്നെ പോറ്റിവളര്‍ത്തിയ അച്ഛനമ്മമാരെയും സഹോദരന്മാരെയും കഷ്ടപ്പടുത്തരുതെന്ന ചിന്തയാല്‍ ജ്യോതിറാവുവും ഭാര്യയും തെരുവിലേക്കിറങ്ങി. അയിത്തജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷണവും വസ്ത്രവും കൊടുക്കാന്‍ കഴിയാതെ, സ്വന്തം ആവശ്യങ്ങള്‍ക്കുപോലും പണമില്ലാതെ, സ്കൂള്‍ സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ സ്കൂള്‍ അടച്ചുപൂട്ടേണ്ടി വന്നു.
ജ്യോതിറാവുവിന്റെ പരാജയം യാഥാസ്ഥിതികര്‍ വിജയമഹോത്സവമായിട്ടാഘോഷിച്ചു. പക്ഷെ ജ്യോതിറാവു കൂടുതല്‍ കരുത്ത് നേടുകയായിരുന്നു. സാമ്പത്തികപ്രശ്നം പരിഹരിക്കുന്നതിനായി അദ്ദേഹം പല സുഹൃത്തുക്കളെയും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അവരെല്ലാം സഹകരിക്കാമെന്ന് ഉറപ്പുകൊടുത്തു. അങ്ങിനെ 1851-ല്‍ വീണ്ടും സ്കൂള്‍ തുറന്നപ്പോള്‍ അതിനെതിരെ തടസ്സം സൃഷ്ടിക്കുവാന്‍ യാഥാസ്ഥിതികരെത്തി. പക്ഷെ ജ്യോതിറാവു ആ സ്കൂളിന്റെ ചുമതല ഒരുകമ്മിറ്റിയെ ഏല്‍പ്പിച്ചതോടെ സ്കൂളിന്റെ പ്രവര്‍ത്തനം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുപോകുകയാണ് ചെയ്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയും പഠിപ്പിക്കാന്‍ പലരും മുന്നോട്ടുവരികയും ചെയ്തപ്പോള്‍ യാഥാസ്ഥിതിക ബ്രാഹ്മണര്‍ തല്ക്കാലത്തേക്കടങ്ങി യെങ്കിലും അവരുടെ വിദ്വേഷം വര്‍ദ്ധിക്കുകയായിരുന്നു. ആശയപരമായി യോജിക്കാത്തവരെ ആരോരുമറിയാതെ വകവരുത്തുകയെന്ന പ്രക്രിയ നടപ്പില്‍ വരുത്തുകയെന്നതാണവരുടെ പാരമ്പര്യം. ജ്യോതിറാവു 1851 സെപ്തംബറില്‍ രണ്ടാമതൊരു സ്കൂള്‍ രാസ്താപെട്ടിലും1859-ല്‍ മൂന്നാമതൊരു സ്ക്കൂള് വിഥല്പ്പെട്ടിലും സ്ഥാപിച്ചുകഴിഞ്ഞതോടെ ബ്രാഹ്മണര്‍ അദ്ദേഹത്തെ വധിക്കുവാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം സാധൂകരിക്കുന്നതിനായി രംഗത്തിറങ്ങിയ സുഹൃത്തുക്കള്‍ സന്ദര്‍ഭത്തിനൊത്ത് പ്രവര്‍ത്തിച്ചതിനാല്‍ യാഥാസ്ഥിതികരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീടദ്ദേഹം മഹര്‍-മാംഗ് വംശക്കാരായ അധഃസ്ഥിതര്‍ക്കായി രണ്ട് സ്കൂളുകള്‍ കൂടി സ്ഥാപിച്ചു. ബ്രിട്ടീഷുകാരുടെ ഭരണമായിരുന്നാലും
ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്നത് ബ്രാഹ്മണര്‍ മാത്രമായിരുന്നു. കാരണം വിദ്യാഭ്യാസം അവര്ക്കുമാത്രമാണല്ലൊ ഉണ്ടായിരുന്നത് .പക്ഷെ ജ്യോതിറാവുവിന്റെ സ്കൂളില്‍ നിന്നും പഠിച്ചുപാസ്സായവരില് ജോലിക്ക് അര്‍ഹരായവര്‍ ഉണ്ടായിരുന്നതിനാല്‍ അവരെയും ജോലിക്ക് പരിഗണിക്കണമെന്ന് അദ്ദേഹം വാദിച്ചു. അതിനെയും സ്വാര്‍ത്ഥരായ ബ്രാഹ്മണര്‍ എതിര്‍ത്തു. ജ്യോതിറാവുവിന്റെ പ്രവര്‍ത്തനശൈലി മനസ്സിലാക്കിയ ചില ബ്രാഹ്മണര്‍ മറാത്തിക്കുപുറമെ ഇംഗ്ളീഷും അഭ്യസിച്ചതിന്റെ ഫലമായി ഉന്നത സ്ഥാനങ്ങളില്‍ ബ്രാഹ്മണര്‍ തന്നെ വന്നുചേര്‍ന്നു. സ്ത്രീകളടക്കം വിദ്യ അഭ്യസിക്കുന്നതിനായി രംഗത്തിറങ്ങി. വിദ്യകൊണ്ട് സ്വതന്ത്രരാകു, സംഘടിച്ചു ശക്തരാകുവെന്ന് പ്രഖ്യാപിച്ചതും പ്രവര്ത്തനപഥത്തിലെത്തിച്ചതും അദ്ദേഹം തന്നെ.
ബ്രിട്ടീഷ് ഭരണമാണ് അടിമത്തം അനുഭവിക്കുന്നവര്‍ക്ക് നല്ലതെന്ന് ജ്യോതിറാവു വിശ്വസിച്ചു. കാരണം ജാതിപ്രശ്നങ്ങളൊന്നും ആ ഭരണത്തിന് കീഴിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ശിപ്പായിലഹള പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം സമാധാനിച്ചത്. അധഃസ്ഥിതരായവരാണ് ശിപ്പായിലഹളയിലുണ്ടായിരുന്നത്. അവരുടെ നേതാക്കളായി ക്ഷത്രിയരും ബ്രാഹ്മണരുമുണ്ടായിരുന്നു. ശിപ്പായിലഹള വിജയിച്ചാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ ബ്രാഹ്മണര്‍ തന്നെ വരുമെന്നുള്ളതും തീര്‍ച്ചയായിരുന്നു. അധികാരം ഏറ്റെടുക്കുവാനുള്ള സംഘടിതശക്തിയും വിദ്യയും വിവേകവും അധഃസഥിതര്ക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ജ്യോതിറാവു അവരോടിങ്ങനെ പറഞ്ഞത്. 'ബ്രിട്ടീഷ്ഭരണം എന്നും ഉണ്ടായിയെന്നുവരില്ല. അതിനാല്‍ നമ്മള് എല്ലാവരും വിദ്യാഭ്യാസം നേടുകയും ബ്രാഹ്മണരുടെ ചൂഷണത്തില്‍നിന്നും മോചനം നേടുകയും വേണം.'
ആദ്യത്തെ അനാഥാലയസ്ഥാപകന്
അനാഥാലയം ഹിന്ദുമതാചാരപ്രകാരം നിഷിദ്ധമാണ്. അതിനാല്‍ അവിഹിതബന്ധത്താല്‍ ജനിക്കുന്നകുട്ടികളെ കൊല്ലുകയോ തെരുവിലെറിയുകയോ ചെയ്തിരുന്നകാലഘട്ടത്തിലാണ് ജ്യോതിറാവു ജീവിച്ചിരുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകു എന്ന ദൃഢനിശ്ചയത്താലാണ് അദ്ദേഹം ഒരു അനാഥാലയത്തിനു രൂപം കൊടുത്തത്. പ്രതികൂലകാലാവസ്ഥയുടെ ഫലമായി നാട്ടില്‍ കൃഷിനാശവും പട്ടിണിയും പകര്ച്ചവ്യാഥിയും സംഭവിച്ചപ്പോള്‍ ബ്രാഹ്മണരെല്ലാം സന്തോഷിക്കുകയും ദാരിദ്ര്യമനനുഭവിക്കുന്ന അധഃസ്ഥിതരെ അടിച്ചോടിക്കുയും ചെയ്തു. പലരും കുട്ടികളെ തെരുവിലെറിയുകയും വില്‍ക്കുകയും നാട്ടില്നിന്നോടിപ്പോകുകയും ചെയ്തപ്പോള്‍ നിരാലംബരായ കുട്ടിള്‍ക്കും ഗര്‍ഭിണികള്‍ക്കും ജ്യോതിറാവുവിന്റെ അനാഥാലയം ഒരഭയകേന്ദ്രം തന്നെയായിമാറി.
1873-ല്‍ അദ്ദേഹത്തിന്റെ അനാഥാലയത്തില്‍ പ്രസവിച്ച ഒരു ബ്രാഹ്മണവിധവയുടെ കുട്ടിയെ അദ്ദേഹം ദത്തെടുത്തപ്പോള്‍ ബ്രാഹ്മണസമൂഹം അപവാദങ്ങളുമായി സടകുടഞ്ഞെണീറ്റു. അതൊന്നും ഗൗനിക്കാതെ അദ്ദേഹം തന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോയി .അതിന് ഏറെ സഹായിച്ചത് അദ്ദേഹത്തിന്റെ സഹധര്മ്മിണിതന്നെയായിരുന്നു.
അഴിമതിക്കെതിരെ പ്രതികരിച്ചവന്
ബ്രാഹ്മണര്‍ വിശ്വസ്തരായിരുന്നു എന്ന വിശ്വാസത്തെ തകര്‍ക്കുവാനാണ് ജ്യോതിറാവു സര്‍ക്കാര്‍ കോണ്ട്രാക്റ്ററുടെ ജോലി സ്വീകരിച്ചത്. പൊതുമരാമത്തുവകുപ്പില്‍ അഴിമതിയും തോന്നിവാസങ്ങളും നിലവിലിരുന്ന കാലമായിരുന്നു അത്. ഉയര്‍ന്ന ബ്രിട്ടീഷുദ്യോഗസ്ഥര്‍ കഴിഞ്ഞാല്‍ പിന്നെയുള്ളജോലികളെല്ലാം ബ്രാഹ്മണരായിരുന്നു ചെയ്തിരുന്നത്. അവര്‍ പാവപ്പെട്ടവരായ കീഴ്ജീവനക്കാരെ ചൂഷണംചെയ്യുകയായിരുന്നു. ബ്രിട്ടീഷുദ്യോഗസ്ഥന്മാര് ജോലി പരിശോധിക്കാനെന്ന വ്യാജേന പണിസ്ഥലത്തെത്തി അനാശാസ്യപ്രവര്‍ത്തനങ്ങളും കുടിച്ചുകൂത്താടലുകളും നടത്തുക പതിവായിരുന്നു. ക്ഷീണിച്ചവശരായി മടങ്ങിയെത്തുന്ന അവരുടെ കയ്യൊപ്പുകളാണ് ബ്രാഹ്മണരായ ജോലിക്കാര്‍ ഫയലുകളില്‍ വെപ്പിച്ചിരുന്നത്. കള്ളക്കണക്കുകള്‍ എഴുതിയ ബ്രാഹ്മണരെ വിശ്വസിക്കുകയും അവരുടെ ഇംഗിതത്തിന് വഴിപ്പെടുകയും ചെയ്തിരുന്നു. ജോലിക്കിറങ്ങിയ പണിക്കാരുടെ കൂലി അനേകമടങ്ങ് വര്‍ദ്ധിപ്പിച്ച കണക്കുകളായിരിക്കും ഒപ്പിടുന്നകടലാസില് കാണിച്ചിരിക്കുക. തൊഴിലാളികളെ ചൂഷണംചെയ്യുന്ന ഇത്തരം അഴിമതി വെളിച്ചത്തുകൊണ്ടുവരണമെന്ന് ജ്യോതിറാവു തീരുമാനിച്ചു..അതിനായി അദ്ദേഹം തൊഴിലാളികളുടെ യോഗം വിളിച്ചുകൂട്ടി സത്യാവസ്ഥകള്‍ അവര്‍ക്കെല്ലാം മനസ്സിലാക്കിക്കൊടുത്തു. അക്കാലത്ത് അദ്ദേഹം തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ആശയങ്ങള്‍ ഉള്ക്കൊള്ളിച്ചുകൊണ്ടുള്ളകവിതകള് എഴുതി അവര്‍ക്കായി പാടിക്കൊടുത്തിരുന്നു. ആ ശബ്ദത്തിലൂടെ അവര്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നുവെന്ന സത്യം മനസ്സിലാക്കുയും ചെയ്തു. അതോടെ അദ്ദേഹം ആദ്യത്തെ തൊഴിലാളിനേതാവായി മാറുകയായിരുന്നു. അതിലൂടെ ആദ്യത്തെ സാമൂഹ്യപ്രവര്ത്തകനെന്നപേരും സിദ്ധിക്കുകയുണ്ടായി.
പൂനെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍
1876-ല്‍ ജ്യോതിറാവു പൂനെ മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയായിരുന്നു. തനിബ്രാഹ്മണനല്ലാത്ത ഒരാള്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായത് യാഥാസ്ഥിതികര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ബ്രിട്ടീഷ്ഭരണത്തിന് കീഴിലുള്ള ബോംബെ ഗവര്മെന്റെിന് അത് പ്രശ്നമേ ആയിരുന്നില്ല. അധഃസ്ഥിതരുമായി കൂടിക്കഴിയുന്ന ഒരാള്‍ കൗണ്‍സിലില്‍ പങ്കെടുത്താല്‍ കൂടെയുള്ളവരും അയിത്തമാക്കപ്പെടുമെന്നുള്ളതിനാല് അത്തരത്തിലുള്ളവരെ പരിഗണിക്കരുതെന്നാണ് ബ്രാഹ്മണരുടെ വാദം. കഷ്ടപ്പെടുന്നവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയാണ് ജ്യോതിറാവു പ്രവര്‍ത്തിച്ചിരുന്നത്. സത്യശോധക് സമാജിന്റെ കീഴില്‍ വിക്ടോറിയ അനാഥാലയം അദ്ദേഹം സ്ഥാപിച്ചു. ഉപേക്ഷിക്കപ്പെട്ട അഥവാ തെരുവിലേക്കു വലിച്ചെറിയപ്പെട്ട അവര്‍ണ്ണരുടെയും ആദിവാസികളുടെയും കുട്ടികള്ക്കുള്ളതായിരുന്നു അത്.
ദീനബന്ധുവായ മദ്യവിരുദ്ധപ്രവര്‍ത്തകന്‍
1879-ല്‍ കൃഷ്ണറാവുബാലേക്കര്‍ ദീനബന്ധു എന്നപേരില്‍ ഒരു ആഴ്ചപ്പതിപ്പ് ആരംഭിച്ചു. തൊഴിലാളികളുടെ പരിദേവനങ്ങളും പരാതികളും ആ വാരികയിലൂടെ പുറത്തുവന്നപ്പോള്‍ ജ്യോതിറാവുവിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അറിയപ്പെട്ടു. അതിനെ മറികടക്കുവാന്‍ ബ്രാഹ്മണരുടെ പ്രതിനിധിയായ വിഷ്ണുശാസ്ത്രി ചിപ്പങ്കളര് സവര്‍ണ്ണരുടെ പത്രങ്ങളിലൂടെ ജ്യോതിറാവുവിനെ രൂക്ഷമായി വിമര്‍ശിച്ചു തുടങ്ങി. അദ്ദേഹത്തെ വ്യക്തിപരമായി അപമാനിക്കുകയും തേജോവധം ചെയ്യുകയും ചെയ്തപ്പോള്‍ ദീനബന്ധുവിന്റെ പത്രാധിപരാണ് അദ്ദേഹത്തിന്റെ പരിരക്ഷക്കെത്തിയത്.
സാംസ്കാരികനായകരെന്നും സാമൂഹ്യപ്രവര്ത്തകരെന്നും പറഞ്ഞുനടക്കുന്നവരെയും അവരുടെ സംഘടനകളെയും ജ്യോതിറാവു പരിഹസിച്ചു. അവരുടെയൊക്ക തലതൊട്ടപ്പന്മാരായി വാണിരുന്ന ഇംഗ്ളീഷുകാരെയും വിമര്‍ശിച്ചു. രാജ്യത്ത് കൂടുതല്‍ മദ്യഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്തപ്പോള്‍ അതിനെതിരെ ശക്തമായി അദ്ദേഹം പ്രതികരിച്ചു. കൂലിവേലയെടുത്തു ജീവിക്കുന്ന സാധാരണജനങ്ങളാണ് മദ്യം ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും. സര്‍ക്കാരിനാവശ്യം പണം മാത്രമാണ്. ആരു നശിച്ചാലും ആരെതിര്‍ത്താലും മദ്യവ്യവസായത്തിലൂടെ ഖജനാവ് നിറക്കണമെന്നല്ലാതെ സര്‍ക്കാരിന് മറ്റൊരുചിന്തയും ഇക്കാര്യത്തിലില്ല. അതിനാല്‍ അദ്ദേഹം അധഃസ്ഥിതരെയും ആദിവാസികളെയും മദ്യംകൊണ്ടു നശിക്കുന്ന കടുംബങ്ങളെയും മദ്യവിമുക്തരാക്കുവാന് അവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി.അങ്ങിനെ അദ്ദേഹം ഭാരതത്തിലെ ആദ്യത്തെ മദ്യവിരുദ്ധപ്രവര്ത്തകനുമായി.
മാധ്യമവിലക്കുകള്ക്കെതിരെ പ്രതികരിച്ചവന്
1880-ല്‍ ഇന്ത്യന്‍ വൈസ്രോയി ലിറ്റണ്‍പ്രഭു പൂനെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ സീകരിക്കുന്നതിനായി ആയിരം രൂപ ചിലവാക്കുവാനുള്ള പദ്ധതിയിട്ടു. പത്രങ്ങള്‍ക്കു കൂച്ചുവിലങ്ങിടുന്ന നിയമംകൊണ്ടുവന്ന ലിറ്റണ്‍ പ്രഭുവിന്റെ പത്രനയത്തെ ജ്യോതിറാവു വിമര്‍ശിച്ചു. ദീനബന്ധു അതെക്കുറിച്ച് തുറന്നെഴുതി. ഒരു വൈസ്രോയിക്ക് സ്വീകരണം നല്കുവാന് പാവപ്പെട്ടനികുതിദായകരുടെ പണം ദുര്‍വിനിയോഗം ചെയ്യരുതെന്നും ആ പണം പാവപ്പെട്ടവര്‍ക്കുതന്നെ കൂടുതല്‍ പ്രയോജനകരമായ കാര്യങ്ങള്‍ക്കായി നീക്കിവെക്കണമെന്നും നിര്‍ദ്ദേശിച്ചു.
പ്രശംസനേടിയ പ്രാസംഗികന്
1888-ല്‍ കോണാട്ടു രാജകുമാരനും പത്നിയും പൂനെ സന്ദര്‍ശിച്ചപ്പോള്‍ ജ്യോതിറാവുവിന്റെ സുഹൃത്തായ ഹരാറാവുജി ചിപ്ളങ്കല് ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. അതില്‍ പ്രസംഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിട്ടിയ വേദി വേണ്ടവിധത്തില്‍ ഉപയോഗിക്കുവാന്തന്നെ ജ്യോതിറാവുവും തീരുമാനിച്ചു. അതിഥികളെ കാണുന്നതിനും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനുമായി ധാരാളം പണക്കാരായ ബ്രാഹ്മണര്‍ വിലപിടിച്ചവസ്ത്രങ്ങള് ധരിച്ചെത്തിയിരുന്നു. ചിലരെല്ലാം കുപ്പായങ്ങളില്‍ രത്നങ്ങളും പതിച്ചിരുന്നു. പലരും മുഖ്യഅതിഥികളെ പ്രശംസിച്ചും അവരുടെ വരവിനെ സാധൂകരിച്ചും പ്രസംഗിച്ചു. എന്നാല്‍ ജ്യോതിറാവു ഒരു സാധാരണകര്‍ഷകന്റെ വേഷത്തിലാണ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു- കോണാട്ടുരാജകുമാരനും രാജകുമാരിക്കും എന്റെ നമസ്ക്കാരം. ഇവിടെ കൂടിയിരിക്കുന്നവര്‍ ഭാരതത്തിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ പ്രതിനിധികളല്ല. ഇവിടെ തിളങ്ങിക്കാണുന്ന രത്നങ്ങളെല്ലാം പാവപ്പെട്ടവരെ ചൂഷണംചെയ്തു നേടിയതാണ്. അതിനാല്‍ രത്നങ്ങള്‍ ചൂഷണത്തിന്റെ പ്രതീകങ്ങളാണ്. അവ ധരിച്ചുകൊണ്ട് അതിഥികളെ സ്വീകരിക്കാനെത്തിയവര്‍ സത്യത്തില്‍ അവരെ അപമാനിക്കുകയാണ് ചെയ്തത്. ഭാരതത്തിലെ ജനങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും നേരിട്ടറിയണമെങ്കില്‍ ഗ്രാമങ്ങളിലേക്കു ചെല്ലണം. അയിത്തംകൊണ്ട് ദുരിതങ്ങള്‍ അനുഭവിക്കുന്ന ഗ്രാമങ്ങള്‍ അതിഥികള്‍ സന്ദര്‍ശിക്കണം. അവര്‍ക്കു വിദ്യാഭ്യാസം നല്കുവാനുള്ള പദ്ധതികളും നടപ്പിലാക്കണം. താമസസൗകര്യങ്ങളും നല്‍കണം.എങ്കിലേ ഇത്തരം സന്ദര്‍ശനങ്ങള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ പാവപ്പെട്ടവര്‍ക്കു ലഭിക്കുകയുള്ളു. ജ്യോതിറാവുവിന്റെ പ്രസംഗം അതിഥികളുടെ പ്രശംസ ഏറെ പിടിച്ചുപറ്റി.
ദിശാബോധമുള്ള എഴുത്തുകാരന്
1890-ല്‍ ജ്യോതിറാവു സമൂഹത്തിലെ അനാചാരങ്ങളെയും അനീതികളെയും എതിര്‍ത്തുകൊണ്ട് പുസ്തകങ്ങള്‍ എഴുതി. മാത്രമല്ല, ബാലവിവാഹം നിര്‍ത്തലാക്കുവാനും വിവാഹാഘോഷങ്ങളിലെ ആര്‍ഭാടം ഒഴിവാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. അതുവരെ അവര്‍ണ്ണരും സവര്‍ണ്ണരുടെ സര്‍വ്വ ആചാരങ്ങളും അനുകരിക്കുകയായിരുന്നു. ഒരു വലിയസംഖ്യ പുരോഹിതരായ ബ്രാഹ്മണര്‍ക്കും നല്‍കിയിരുന്നു. അതെല്ലാം നിര്‍ത്തലാക്കുകയും ചെയ്തപ്പോള്‍ ബ്രാഹ്മണര്‍ എതിര്‍ക്കുകയും ഒടുവില്‍ കോടതിയില്‍ കേസുകൊടുക്കുകയും ചെയ്തു. വിവാഹച്ചടങ്ങുകള്‍ എന്തെ ല്ലാമായിരിക്കണമെന്നു തീരുമാനിയ്ക്കാനുള്ള അവകാശം സമൂഹത്തിനില്ലെന്നും വ്യക്തിക്കാണെന്നും കോടതി വിധിച്ചതോടെ ജ്യോതിറാവുവിന്റെ പ്രസ്ഥാനത്തിനു കൂടുതല്‍ പ്രചാരം സിദ്ധിച്ചു.
അടിമത്തം- ജ്യോതിറാവുവിന്റെ പ്രശസ്തമായ കൃതിയാണ്. ജാതിയും മതവും വര്‍ണ്ണവും വംശവും രാഷ്ട്രവും നോക്കാതെ സഹഭോജനം നടത്തുവാനും നമ്മള് തയ്യറാകണമെന്നദ്ദേഹം ആ കൃതിയിലൂടെ പ്രഖ്യപിച്ചു. അതിനെതിരെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ബ്രാഹ്മണര്‍ ലഹളയ്ക്കു പുറപ്പെട്ടത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സത്യശോധക് സമാജിന്റെ കൂട്ടായപ്രവര്ത്തനഫലമായി സമൂഹത്തില്‍ പലമാറ്റങ്ങളും വരുത്തുവാന്‍ കഴിഞ്ഞുവെന്നുള്ളതും ചരിത്രസത്യം തന്നെയാണ.്
1890-നവംബര്‍ 28-ാംതിയതി മഹാത്മ ജ്യോതിറാവു ഫൂലെ 64-ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും പിന്നീട് സാമൂഹ്യരംഗത്തേക്കു കടന്നുവന്നവര്‍ക്ക് പ്രചോദനമേകിയെന്നു പറയാതിരിക്കാന്‍ വയ്യ. പക്ഷെ പലരും അദ്ദേഹത്തെ തമസ്ക്കരിക്കുകയോ തഴയുകയോ ആണ് ചെയ്തത്. ഭാരതത്തില്‍ ഒരു മഹാത്മാവുണ്ടെങ്കില്‍ അത് മഹാത്മാജ്യോതിബാ ഫൂലെ മാത്രമാണെന്ന് മഹാനായ ഡോ.അംബേദ്ക്കര്‍ പ്രഖ്യാപിച്ചു. ഗാന്ധിജിയും അംബേദ്ക്കറും മഹാത്മ ജ്യോതിറാവുവിന്റെ ആശയങ്ങള്‍ സ്വന്തം ജീവിതത്തിലേക്കു സ്വാംശീകരിച്ചിട്ടുണ്ട്. ഭാരതസ്വാതന്ത്ര്യത്തിനുശേഷം ജ്യോതിറാവുവിന്റെ പേരുപോലും ഉച്ചരിക്കാനൊരാളില്ലായിരുന്നു. ഭരണകൂടങ്ങള്‍ കുറ്റബോധത്തോടെ അദ്ദേഹത്തിന്റെ മുന്നില്‍ ശിരസ്സുനമിക്കേണ്ടിയിരിക്കുന്നു.
ഭാരതീയ ദളിതുസാഹിത്യ അക്കാദമി എന്ന പേരില്‍ ദല്‍ഹി കേന്ദ്രമാക്കിപ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം മാത്രമാണ് ഇന്ന് അദ്ദേഹത്തിന്റെ സ്മരണനിലനിര്ത്തുവാന് വേണ്ടി യത്നിക്കുന്നത്. മഹാത്മാ ജ്യോതിബ ഫൂലെ നാഷണല്ഫെല്ലോഷിപ്പ് അവാര്‍ഡുകള്‍ ദളിതുസാഹിത്യകാരന്മാര്ക്കും, നാഷണല്‍ അവാര്‍ഡുകള്‍ ദലിതുസാമൂഹ്യപ്രവര്ത്തകര്ക്കും എല്ലാസംസ്ഥാനങ്ങളില്നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്കായി സമ്മാനിച്ചുവരുന്നുണ്ട്.
******
കാവില്‍രാജ്
(എഴുത്തുകാരനും ചലച്ചിത്രസംവിധായകനും മുന്‍ സ്വജനമിത്രം എഡിറ്ററും ഇപ്പോഴത്തെ അഡൈ്വസറി ബോര്‍ഡ് അംഗവുമായ കാവില്‍രാജ് കഴിഞ്ഞ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാഡമിയുടെ മഹാത്മാ ജ്യോതിറാവു ഫൂലെ നാഷണല്‍ ഫെലോഷിപ്പ് നേടിയ വ്യക്തിയാണ്.)